Sunday, January 29, 2012

നിസ്തുല്‍ രാജ് കവിത. അടുപ്പ്.

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത.
മലപ്പുറം ജില്ലയിലെ ആതവനാട് ജി.എച്ച്.എസ്.എസിലെ നിസ്തുല്‍ രാജ് എഴുതിയ കവിത.

അടുപ്പ്-

... കരിമെഴുക്കിന്റെ തിണ്ണയില്‍
... കാലത്തിനുമീയടുപ്പൂതിയമ്മയിരിക്കവേ,
കറുകറുത്തോരു കോന്തല, പിഞ്ഞിയ
കദനഭാരമായ് കണ്ണീര് മുത്തവേ
ചിറകൊടിഞ്ഞൊരു പക്ഷിയേപ്പോലമ്മ
ചിരിവരുത്താന്‍ കിണഞ്ഞു ശ്രമിക്കവേ
അറിവു, ഞാനമ്മവെച്ചോരു കഞ്ഞിയില്‍
അഴലുചാലിച്ച കല്ലുപ്പതേ രുചി.
കനവു നീറുന്ന ജീവിതം കൊണ്ടിതാ
കറപിടിച്ച കലം തുടച്ചീടുന്നു
ചിതറിയൊരു നൂറോര്‍മകളൊക്കെയും
മുറമെടുത്ത്, കൂട്ടുന്നു. കത്തിക്കുന്നു
കരളു പൊള്ളിപ്പഴുക്കുന്നുവെങ്കിലും
കനിവു നീട്ടിയെന്‍ ഹൃത്തടം പുല്‍കുന്നു
മാതൃ വാത്സല്യ ശീതള ധാരയാല്‍
പട്ടിണിത്തീയിലപ്പമുണ്ടാക്കുന്നു.
കരയുവാന്‍ കണ്ണുനീരില്ല സ്നേഹമേ,
കുടിലലോകം ചതച്ച വാത്സല്യമേ
പറയുവാനൊന്നുമില്ലെന്റെ ജീവനെ^
ക്കതിരു ചൂടിയ സംഗീത സാരമേ,
പുണ്യ സ്നേഹാമൃതത്തിന്റെ ദേവതേ,
മാപ്പെനിക്കു നല്‍കീടുക മൌനമേ.
ചിതയിലോര്‍മകള്‍ പൊട്ടിത്തെറിക്കവേ
അരികെ നില്‍ക്കുമെന്നോടമ്മ ചൊല്ലുന്നു
‘മകനേ, വെറുതെയാണിക്കണ്ണുനീരെല്ലാം
കരളു നീറ്റും വിഷാദഗീതങ്ങളും
കരിയടുപ്പാണു നിന്നമ്മ; സ്വപ്നങ്ങള്‍
വിഫലമായ്പ്പോയ പക്ഷിയാണിന്നു ഞാന്‍.
ഹൃദയമെത്ര തുടിക്കിലും കണ്ണീരു
തടവിലിട്ടു കുതിര്‍ത്തുന്നു ജീവനെ
ചിറകൊതുക്കിയിരിക്കട്ടെ ഞാനെന്റെ
നിനവ് കത്തുന്ന തീക്കൂട്ടിലൊറ്റക്ക്
കനലു നീളുന്ന പാതയില്‍, ജീവിതം
വെറുതെയോടുന്നിതേകാന്ത മാത്രയില്‍
ഇരവു മാറ്റിയ കണ്ണുനീരെത്രയീ
വിരഹയാത്രകള്‍ക്കൂര്‍ജമാം പാഥേയം’
ചിരിവരുത്തുന്നു പിന്നെയും നീ നിന്റെ
കരി പിടിച്ച മുഖത്തിന്റെ കോണിലായ്
ചിറകൊതുക്കിയിരിക്കുന്ന പക്ഷി നീ.
ചിതലെടുത്ത നിലാവിന്റെ വാക്കു നീ
കരളുരുക്കുന്ന ദുഃഖപ്രഭാവമേ,
കടലിരമ്പുന്ന ജീവന്റെ മൌനമേ,
കരയുവാന്‍ വെമ്പി നില്‍ക്കുന്നു കാലവും
കരിയടുപ്പുപോല്‍ നിന്റെ കാല്‍ത്തുമ്പത്ത്.

1 comment: